Cinema

മോഹൻലാലും ജീത്തു ജോസഫും വീണ്ടും

മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒരുമിക്കുന്നു. ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന 33-ാം ചിത്രം എന്നതാണ് പ്രത്യേകത. ആരാധകർ‌ കരുതുന്നതുപോലെ ദൃശ്യം മൂന്നാം ഭാഗത്തിനു വേണ്ടിയല്ല മോഹൻലാലും ജീത്തു ജോസഫും ഒരുമിക്കുന്നത് . വൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും. ദൃശ്യം, ദൃശ്യം 2 ,​ ട്വൽത്ത് മാൻ,​ റാം എന്നിവയാണ് മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ച ചിത്രങ്ങൾ. രണ്ടുഭാഗങ്ങളിലായാണ് റാം ഒരുങ്ങുന്നത്. ആദ്യഭാഗത്തിന്റെ അൻപത് ദിവസത്തെ ചിത്രീകരണം ഇനി അവശേഷിക്കുന്നുണ്ട്. ട്യുണീഷ്യയിലാണ് തുടർ ചിത്രീകരണം. പുതിയ ചിത്രം പൂർത്തിയാക്കിയശേഷമേ ജീത്തു ജോസഫ് റാമിന്റെ ചിത്രീകരണത്തിലേക്ക് പ്രവേശിക്കുകയുള്ളൂ. പുതിയ ചിത്രം പൂർത്തിയാക്കിയശേഷം മോഹൻലാൽ റാമിലാണ് തുടർന്ന് അഭിനയിക്കുക.തൃഷ ആണ് റാമിൽ നായിക.ഇന്ദ്രജിത്,​ സംയുക്ത ,​ പ്രിയങ്ക നായർ,​ ചന്ദുനാഥ്, ആദിൽ ഹുസൈൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. വ്യത്യസ്ത ഗെറ്റപ്പിലാണ് റാമിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്.ഇപ്പോൾ ലണ്ടനിലുള്ള മോഹൻലാൽ ഈ മാസം അവസാനം പാൻ ഇന്ത്യൻ ചിത്രമായ വൃഷഭയിൽ അഭിനയിക്കും. ലണ്ടനിലാണ് വൃഷഭയുടെ ചിത്രീകരണം ആരംഭിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button